അല്‍ ഒട്ടഹ

അല്‍ ഒട്ടഹ

കേരളത്തിലെ എന്നല്ല ലോകത്തിലെ തന്നെ വന്‍ നഗരങ്ങളില്‍ ഒന്നായ ‘തട്ടകുഴ’ യില്‍ നിന്ന് അറബി നാട്ടില്‍ എത്തിപ്പെട്ട എന്റെ സുഹൃത്ത്‌ ‘തമ്പ്രാന്‍’ എന്ന ഉണ്ണിയുടെ കഥയാണിത്. മേഘങ്ങളെ തൊട്ടുരുമ്മി നില്‍കുന്ന കൂറ്റന്‍ അംബരച്ചുംബികളുടെയും ചീറിപായുന്ന മാഗ്നറ്റിക് ട്രെയിനുകളുടെയും തട്ടകുഴ. ഒരിക്കലും ഉറങ്ങാത്ത, ദിവസേന കോടികള്‍ കൊണ്ട് അമ്മാനമാടുന്ന തട്ടകുഴ. ഇത് കേട്ട് നിങ്ങള്‍ അതിശയപെട്ടെക്കാം; കേരളത്തില്‍ ഇങ്ങനെ ഒരു തട്ടകുഴയോ !! അറബി കഥ പറയുന്നതിന് മുന്‍പ് തട്ടകുഴ എങ്ങനെ ഒരു വന്‍ നഗരമായി എന്ന കഥ ചുരുക്കി പറയാം.

തമ്പ്രാന്റെ സ്വന്തം ഭാഷയില്‍ പറഞ്ഞാല്‍ ‘ദി സിറ്റി ഓഫ് തട്ടകുഴ’യിലെ നമ്പര്‍ അണ്‍ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ നിന്ന് പന്ത്രണ്ടാം തരാം .. ഓ സോറി അല്ല 12th ഗ്രേഡ് പാസ്സായിട്ടാണ് അവന്‍ CEC യില്‍ എഞ്ചിനീയറിംഗ് പഠനത്തിനു എത്തിയത്. പരിചയപെട്ട ഉടന്‍ അവന്റെ അച്ഛന്‍ ‘ദി സിറ്റി ഓഫ് തട്ടകുഴ’യുടെ ‘മേയര്‍’ ആണ് എന്നാ എന്നോട് പറഞ്ഞത്. ഒന്ന് സംശയിച്ചു എങ്കിലും പുതിയ കൂടുകാരന്‍ പറഞ്ഞതല്ലേ.. ഒള്ളതായിരിക്കും എന്ന് ഞാന്‍ സ്വയം വിശ്വസിപ്പിച്ചു. പിന്നീട് കൂടുതല്‍ പരിച്ചയപെടുകയും ഈ പറഞ്ഞ ‘തട്ടകുഴ’ ഒന്ന് സന്ദര്‍ശിക്കുകയും ചെയ്തപോല്‍ എനിക്ക് ഒരു കാര്യം മനസിലായി. അവിടുത്തെ ആദിവാസികള്‍ അവന്റെ അച്ഛനെ തമ്പ്രാന്‍ എന്നാണ് വിളിക്കണേ. “തമ്പ്രാന്‍ സമം മേയര്‍”!! ഹും… ആ ഒരു കണക്കിന് അതും ശരിയല്ലേ? ഇപോ മനസിലായോ..?ഉണ്ണിയുടെ ഭാവനയിലാണ് തട്ടകുഴ ഒരു വന്‍ നഗരം ആവുന്നത്.

എങ്കില്‍ അറബി കഥ പറയാം. അങ്ങനെ തട്ടകുഴക്കാരുടെ കൊച്ചംബ്രാന്‍ ഉണ്ണി അറബി നാട്ടില്‍ .. കുവൈറ്റില്‍ കാലു കുത്തിയ കഥ. മേയറായ അച്ഛന്റെ സുഹൃത്ത്‌ വഴി ഒരു ജോലി ശരിയായിടുണ്ട്. അറബിയുടെ “ഇടം” കൈ ആയി നിന്ന് സ്വര്‍ണം വാരുന്നതും സ്വപ്നം കണ്ടു തമ്പ്രാന്‍ ഫ്ലൈറ്റ് ഇല്‍ ഇരുന്നു സുഖമായി ഉറങ്ങി. യാത്രക്കാര്‍ എല്ലാവരും ഇറങ്ങിയിട്ടും ഇരുന്നു ഉറങ്ങുന്ന തമ്പ്രാനെ കുവൈറ്റ്‌ എയര്‍വെയ്സിലെ മലയാളിയായ എയര്‍ ഹോസ്റെസ്സ് പെങ്കൊച്ചു വിളിചെഴുന്നെല്പിച്ചു. ഞെട്ടിയെനീറ്റ തമ്പ്രാന്‍ ഒരു ചോദ്യം: “തട്ടകുഴ എത്തീട്ട് വിളിച്ചാ മതീന്ന് പറഞ്ഞിരുന്നതല്ലേ?” ഒന്നും മനസിലാവാതെ എയര്‍ ഹോസ്റെസ്സ് പെങ്കൊച്ചു മിഴിച്ചു നില്കവേ തമ്പ്രാന്‍ ചുറ്റും നോക്കി. സ്ഥലകാല ബോധം വീണ്ടെടുത്ത്‌ തമ്പ്രാന്‍ മൊഴിഞ്ഞു “സോറി !! പെട്ടെന്ന് ബസ്സില്‍ വീട്ടില്‍ പോകുന്ന ഓര്‍മ വന്നു”. ചമ്മിയ മുഘവുമായ് ഇമ്മിഗ്രറേന്‍ ക്ലീരന്‍സ് കഴിഞ്ഞു പുറത്തേക്ക് നടക്കവേ തമ്പ്രാന്‍ വിചാരിച്ചു. “തുടക്കം മോശമാണല്ലോ !! ഈശ്വരാ രക്ഷിക്കണേ “.

തുടരും…….